സൂര്യനെ പിടിക്കാന്‍ ഇന്ത്യ; ആദ്യപേടകം ആദിത്യ എല്‍-1 ഭ്രമണപഥത്തിൽ

Share

തിരുവനന്തപുരം: ചന്ദ്രയാന്‍-3 ന്റെ സമ്പൂര്‍ണ വിജയത്തിന് പിന്നാലെ സൂര്യനെ തേടിയുള്ള ഇന്ത്യയുടെ കന്നിയാത്രക്ക്  വിജയത്തുടക്കം. പേടകം ഭ്രമണപഥത്തിലെത്തിയതായി ഐഎസ്ആർഒ അറിയിച്ചു. സൂര്യനെ പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യപേടകം ആദിത്യ എല്‍-1 ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇന്ത്യന്‍ സമയം 11.50-നാണ്  വിക്ഷേപിച്ചത്. കൗണ്ട്ഡൗണ്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.10-ന് ആരംഭിച്ചിരുന്നു. ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ പൂര്‍ണ്ണമായി തദ്ദേശീയമായി നിര്‍മ്മിച്ചതാണ് ആദിത്യ എല്‍-1. പി.എസ്.എല്‍.വി. എക്‌സ് എല്‍- 57-ലാണ് ആദിത്യ എല്‍-1-ന്റെ യാത്ര. ഭൂമിയില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചേ ബിന്ദുവിനു (എല്‍-1) ചുറ്റുമുള്ള സാങ്കല്പിക ഭ്രമണപഥത്തിലാണ് ആദിത്യ എല്‍-1 എത്തിക്കേണ്ടത്.

സൗരാന്തരീക്ഷത്തിന്റെ മുകള്‍ഭാഗം ചൂടാകുന്നതും അതു സൃഷ്ടിക്കുന്ന റേഡിയേഷന്‍ വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും പഠനവിധേയമാക്കും. സൂര്യന്റെ കൊറോണയെ പറ്റിയും, കാന്തികമണ്ഡലത്തെ പറ്റിയും, സൂര്യസ്‌ഫോടനങ്ങളെ പറ്റിയും കൂടുതല്‍ വിവരങ്ങള്‍ ആദിത്യയിലൂടെ മനസിലാക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷ. ആദിത്യയുടെ യാത്ര സൂര്യനെ അടുത്തറിയാനാണെങ്കിലും പേടകം നേരിട്ട സൂര്യനെ തൊടില്ല. സൗരയൂഥത്തിന്റെ ഊര്‍ജ കേന്ദ്രത്തെ മറ്റ് തടസങ്ങളൊന്നും കൂടാതെ നിരീക്ഷിക്കാന്‍ കഴിയുന്നൊരിടമാണ് ആദിത്യയുടെ ലക്ഷ്യമിടുന്നത്. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഹാലോ ഓര്‍ബിറ്റാണ് ആദിത്യയുടെ ലക്ഷ്യ കേന്ദ്രം. 125 ദിവസം നീണ്ടു നില്‍ക്കുന്ന യാത്രാസമയമെടുത്താണ് പേടകം ലക്ഷ്യസ്ഥാനത്തെത്തുക. ആദിത്യ എല്‍-1 ദൗത്യത്തിന് 378 കോടി രൂപയാണ് ഏകദേശ ചെലവ്.