‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’; നിര്‍ണായക നീക്കവുമായി മോദി സര്‍ക്കാര്‍

Share

ഡല്‍ഹി: 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും 2023 ഡിസംബറില്‍ നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പുതുതായി രൂപീകരിച്ച സമിതിയെ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയിക്കും. സമിതിയില്‍ വിരമിച്ച ചില ജഡ്ജിമാരും ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം സമിതിയില്‍ എത്ര അംഗങ്ങള്‍ ഉണ്ടാകുമെന്നത് സംബന്ധിുള്ള വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും ഭരണഘടനാ വിദഗ്ദ്ധരുമായും വിശദമായി ചര്‍ച്ച നടത്തി വിഷയം പഠിച്ച് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയാണ് സമിതിയുടെ ചുമതല.

2023 സെപ്റ്റംബര്‍ 18-ന് ചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പായി വിശദ പഠനം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാനാണ് സമിതിക്ക് വാക്കാലുള്ള നിര്‍ദ്ദേശം. എന്നാല്‍ അത് എത്രത്തോളം പ്രായോഗികമാകും എന്നതടക്കമുള്ള വിഷയങ്ങള്‍ വരും ദിവസങ്ങളില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഒരുമിച്ച് തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാക്കുന്നതിലൂടെ തെരഞ്ഞെടുപ്പിന്റെ ചെലവുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ലഘൂകരിക്കാനും സംസ്ഥാനങ്ങളിലെ വികസനത്തിനുമെല്ലാം ഈ തീരുമാനം ഗുണകരമാകും എന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. പാര്‍ലമെന്റില്‍ വിഷയം ചര്‍ച്ചയ്ക്കായി കൊണ്ടുവരികയാണ് ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത് നടപ്പാക്കാനാകുമോ എന്ന് വ്യക്തമല്ല. കേരളം പോലെ ലോക്‌സഭാ തെരഞ്ഞെുടപ്പും നിയമസഭാ തെരഞ്ഞെടുപ്പും തമ്മില്‍ വലിയ സമയവ്യത്യാസം വരുന്ന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. ഇത് പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയൊരു വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള സാധ്യതയും കൂടുതലാണ്.