പ്രഗ്യാന്‍ റോവര്‍ ചന്ദ്രനില്‍ നടക്കുന്നു; നാല് ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

Share

ഡല്‍ഹി: ചരിത്ര നിയോഗവുമായി ചന്ദ്രനിലിറങ്ങിയ ചന്ദ്രയാന്‍-3 ന്റെ റോവര്‍ പ്രഗ്യാന്‍ ചന്ദ്രോപരിതലത്തിലിറങ്ങിയതായി സ്ഥിതീകരിച്ച് ഐഎസ്ആര്‍ഒ. ഇന്ത്യ ചന്ദ്രനില്‍ നടക്കുന്നുവെന്ന് ഐ.എസ്.ആര്‍.ഒ എക്‌സില്‍ പോസ്റ്റ് ചെയ്തു. ലാന്‍ഡറിന്റെ വാതില്‍ തുറന്ന് ഉപരിതലത്തില്‍ ഇറങ്ങിയതോടെ ചാന്ദ്ര പര്യവേഷണത്തിന്റെ ഏറ്റവും കാതലായ ഘട്ടത്തിനാണ് തുടക്കമായിരിക്കുന്നത്. ഇന്ത്യന്‍ പതാകയിലെ അഭിമാനമായ അശോക സ്തംഭവും ഐ.എസ്.ആര്‍.ഒ-യുടെ ചിഹ്നവും ചന്ദ്രന്റെ ഉപരിതലത്തില്‍ പതിപ്പിച്ചാണ് റോവറിന്റെ മുന്നോട്ടുള്ള പ്രയാണം. 26 കിലോഗ്രാം ഭാരവും ആറ് ചക്രവുമുള്ള റോബോട്ടിക് വാഹനമായ പ്രഗ്യാന്‍ റോവറിന് ആകെ ആയുസുള്ളത് ഒരു ചാന്ദ്രദിനമാണ്. അതായത് ഭൂമിയിലെ 14 ദിവസങ്ങള്‍ക്ക് തുല്യമാണ് ഒരു ചാന്ദ്രദിനം. പ്രഗ്യാന്‍ റോവറില്‍ രണ്ട് പരീക്ഷണ ഉപകരണങ്ങളാണ് ഉള്ളത്.

ചന്ദ്രനിലെ മണ്ണിന്റെയും പാറകളുടെയും ഘടകങ്ങളെക്കുറിച്ച് വിവരം നല്‍കുന്ന പേലോഡായ ലിബ്‌സും (LIBS) ചന്ദ്രോപരിതലത്തിലെ രാസപദാര്‍ഥങ്ങളുടെയും ദ്രവ്യങ്ങളുടെയും സങ്കലനം സംബന്ധിച്ച പരീക്ഷണം നടത്തുന്ന അല്‍ഫ പാര്‍ട്ടിക്കിള്‍ എക്‌സ്്-റേ സ്‌പെക്ട്രോ മീറ്ററും (APXS) ആണ് ആ രണ്ട് പരീക്ഷണ ഉപകരണങ്ങള്‍. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ലാന്‍ഡ് ചെയ്ത വിക്രം ലാന്‍ഡറിന് 1749.86 കിലോഗ്രാമാണ് ഭാരം. ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവെന്ന അറിയപ്പെടുന്ന വിക്രം സാരാഭായിയുടെ സ്മരാണര്‍ത്ഥമാണ് ലാന്‍ഡറിന് ആ പേര് നല്‍കിയിരിക്കുന്നത്. നാല് പരീക്ഷണ ഉപകരണങ്ങളുള്ള ലാന്‍ഡര്‍ ചന്ദ്രയാന്‍ 2-വിന്റെ ഓര്‍ബിറ്ററുമായാണ് ആശയവിനിമയം നടത്തുക. പിന്നാലെ ചന്ദ്രയാന്‍ മൂന്നില്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ പുറത്ത് വന്നു. ലാന്‍ഡറിലെ ക്യാമറകള്‍ എടുത്ത ചന്ദ്രോപരിതലത്തിലെ നാല് ചിത്രങ്ങളാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ടത്.