‘ലോകം ഇന്ത്യയിലേക്ക്; ഇന്ത്യ ചന്ദ്രനിലേക്ക്..’

Share

ബംഗളൂരു: ബഹിരാകാശ ശാസ്ത്ര സാങ്കേതിക രംഗത്തെ അതുല്യ ശക്തിയാകാനുള്ള ഇന്ത്യയുടെ പ്രയാണത്തിന് ഇന്ന് നിര്‍ണായക ദിനം. ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പേടകമായ ചന്ദ്രയാന്‍-3-ന്റെ ലാന്‍ഡര്‍ ഇന്ന് (23.08.23, ബുധനാഴ്ച) ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ശാസ്ത്ര ലോകം. ദൗത്യം വിജയിച്ചാല്‍ ചന്ദ്രനില്‍ സോഫ്റ്റ്ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറുമെന്നതാണ് ശ്രദ്ധേയം. മാത്രമല്ല ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമെന്ന നേട്ടം ഇന്ത്യക്ക് സ്വന്തമാകും. പ്രതീക്ഷകള്‍ പോലെ ഇന്ത്യന്‍ സമയം വൈകുന്നേരം 6.04-ന് ലാന്‍ഡര്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുമെന്നാണ് ഐ.എസ്.ആര്‍.ഒ അറിയിച്ചിരിക്കുന്നത്. 5.45 മുതല്‍ 6.04 വരെയുള്ള 19 മിനിറ്റുകളില്‍ ചന്ദ്രയാന്‍-3 ദൗത്യം പൂര്‍ത്തിയാക്കുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. സോഫ്റ്റ് ലാന്‍ഡിംഗിനുള്ള എല്ലാ തയാറെടുപ്പുകളും ഭദ്രമാണെന്ന് ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി.

2023 ജൂലൈ 14-ന് ഉച്ച കഴിഞ്ഞ് 2.35-നാണ് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നും ചന്ദ്രയാന്‍-3-നെയും വഹിച്ചുകൊണ്ട്  വിക്ഷേപണ വാഹനമായ എല്‍.വി.എം 3 റോക്കറ്റ് ചന്ദ്രനെ ലക്ഷ്യമാക്കി കുതിച്ചുയര്‍ന്നത്. ഒരുപക്ഷേ ഏതെങ്കിലും ഘട്ടത്തില്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി ചന്ദ്രോപരിതലത്തില്‍ പേടകം ഇറങ്ങുന്ന സോഫ്റ്റ് ലാന്‍ഡിംഗില്‍ പിഴവ് സംഭവിക്കുകയാണെങ്കില്‍ ഈ മാസം 27-ന് വീണ്ടും ശ്രമം നടത്തുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. ബംഗളൂരുവിലെ ഐ.എസ.്ആര്‍.ഒ ടെലിമെട്രി ആന്‍ഡ് ട്രാക്കിംഗ് കമാന്‍ഡ് നെറ്റ്വര്‍ക്ക് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം നിലവില്‍ നിയന്ത്രിക്കുന്നത്. ഭൂമിയില്‍ നിന്നുള്ള സിഗ്നലുകള്‍ ലാന്‍ഡറുകള്‍ സ്വീകരിക്കുന്നത് ചന്ദ്രയാന്‍-2 ഓര്‍ബിറ്റര്‍ സഹായത്തോടെയാണ്.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തോട് ചേര്‍ന്നുള്ള ഭാഗത്താണ് ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്നത്. ചാന്ദ്ര പര്യവേഷണ ദൗത്യത്തിലെ ഏറ്റവും നിര്‍ണായകഘട്ടമാണ് സോഫ്റ്റ് ലാന്‍ഡിംഗ്. വേഗത സെക്കന്‍ഡില്‍ ഒന്നോ രണ്ടോ മീറ്റര്‍ എന്ന തോതിലാകുമ്പോഴാണ് സോഫ്റ്റ് ലാന്‍ഡിംഗ് സാധ്യമാകുക. ഇതാണ് ചാന്ദ്രപര്യവേക്ഷണ വിജയത്തിലെ നിര്‍ണായക ഘട്ടം. ഒരു മണിക്കൂറില്‍ ആറായിരത്തിലധികം കിലോമീറ്റര്‍ വേഗത്തിലാണ് സാധാരണ പേടകം സഞ്ചരിക്കുക. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ മാന്‍സിനസ് സി, സിംപിലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാന്‍-3 ഇറങ്ങുക. സോഫ്റ്റ് ലാന്‍ഡിംഗിലെ ഓരോ ഘട്ടത്തിലും ലാന്‍ഡര്‍ സ്വയം നിയന്ത്രണ വിധേയമാകേണ്ട ഘട്ടമാണിത്. പേടകം തിരശ്ചീനമായി സഞ്ചരിക്കുമ്പോള്‍ 25 കിലോമീറ്റര്‍ മുകളില്‍ നിന്നാണ് സോഫ്റ്റ് ലാന്‍ഡിംഗ് തുടങ്ങുക. ലാന്‍ഡറിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് പേടകം ഇതിനുള്ള ഊര്‍ജം കണ്ടെത്തുക.

ലാന്‍ഡിംഗ് സൈറ്റിന് 150 മീറ്റര്‍ മുകളില്‍ നിന്നും പകര്‍ത്തുന്ന ഫോട്ടോ ഇമേജുകള്‍ ലാന്‍ഡര്‍ പേടകത്തിലെ സെന്‍സറുകള്‍ പരിശോധിക്കുകയും ലാന്‍ഡിംഗിന് യോഗ്യമെങ്കില്‍ സിഗ്നല്‍ നല്‍കുകയും ചെയ്യും. ഇതോടെ പേടകം സഞ്ചരിച്ച് ചന്ദ്രോപരിതലത്തിന് 10 മീറ്റര്‍ ഉയരത്തില്‍ വരെ എത്തും. ഇവിടെ നിന്ന് അടുത്ത ഒമ്പതാമത്തെ സെക്കന്‍ഡില്‍ ലാന്‍ഡര്‍ ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങും. നാലുമണിക്കൂറോളം സമയമെടുത്താണ് ലാന്‍ഡറിനകത്തു നിന്ന് പര്യവേക്ഷണ വാഹനമായ റോവര്‍ ചന്ദ്രോപരിതലത്തിലിറങ്ങുക. 500 മീറ്റര്‍ സഞ്ചരിക്കുന്ന റോവര്‍ ഒരു ചാന്ദ്ര പകല്‍ കൊണ്ട് ദക്ഷിണധ്രുവത്തിലെ ചാന്ദ്ര രഹസ്യങ്ങള്‍ ലോകത്തിന് വെളിപ്പെടുത്തും. ചന്ദ്രനില്‍ തണുത്തുറഞ്ഞ ജല സാന്നിധ്യം ഏറെയുണ്ടെന്ന് കരുതുന്ന ദക്ഷിണ ധ്രുവത്തിലെ പര്യവേക്ഷണം വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കും എന്ന് ശാസ്ത്രലോകം കരുതുന്നു. ഇന്ത്യന്‍ സാങ്കേതിക സംവിധാനങ്ങളെ സഹായിക്കാന്‍ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും നാസയും സജീവമായി രംഗത്തുണ്ട്. നിലവില്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് 25 കിലോമീറ്റര്‍ കുറഞ്ഞ ദൂരത്തിലും 134 കിലോമീറ്റര്‍ അകലമുള്ള ദൂരത്തിലുമാണ് ലാന്‍ഡര്‍ പേടകത്തിന്റെ സഞ്ചാര സ്ഥാനം