പാകിസ്താനിൽ പൊതുതെരഞ്ഞെടുപ്പ് വൈകിയേക്കും; അന്‍വര്‍-ഉല്‍-ഹഖ് ഇടക്കാല പ്രധാനമന്ത്രി

Share

ഇസ്ലാമാബാദ്: പാകിസ്താനില്‍ അന്‍വര്‍-ഉല്‍-ഹഖ് കാക്കര്‍ ഇടക്കാല പ്രധാനമന്ത്രി. രാജ്യത്തെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇടക്കാല പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വര്‍ഷം അവസാനമാണ് പാകിസ്താനില്‍ പൊതുതിരഞ്ഞെടുപ്പ.് അതുവരെ പ്രധാനമന്ത്രി പദം വഹിക്കാനും തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുന്നതിനുമാണ് താല്‍ക്കാലിക പ്രധാനമന്ത്രിയെ ചുമതലപ്പെടുത്തിയത്. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പ്രതിപക്ഷ നേതാവ് രാജാ റിയാസും രണ്ട് റൗണ്ട് ചര്‍ച്ചകള്‍ക്ക് ശേഷമാണ് അന്‍വര്‍ ഉല്‍ ഹഖിനെ തിരഞ്ഞെടുത്തത്. ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടിയുടെ നേതാവാണ് അന്‍വര്‍-ഉല്‍-ഹഖ് കാക്കര്‍. രാജ്യത്തെ ചെറിയ പ്രവിശ്യകളില്‍ നിന്നുള്ള നേതാവായിരിക്കണം ഇടക്കാല പ്രധാനമന്ത്രിയെന്ന് മുമ്പേ ധാരണയുണ്ടായിരുന്നതായി പ്രതിപക്ഷ നേതാവ് രാജാ റിയാസ് പറഞ്ഞു.

ഇടക്കാല പ്രധാനമന്ത്രി പദത്തിലേക്ക് അന്‍വര്‍ ഉല്‍ ഹഖിനെ നിര്‍ദ്ദേശിച്ചത് താനാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 224 (1എ) പ്രകാരം കാക്കറിനെ താല്‍ക്കാലിക പ്രധാനമന്ത്രിയായി നിയമിക്കുന്നതിന് പ്രസിഡന്റ് ആരിഫ് അല്‍വി നിലവില്‍ അംഗീകാരവും നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ നിര്‍ബന്ധിത കാലാവധിക്ക് മൂന്ന് ദിവസം മുന്‍പായ ആഗസ്റ്റ് ഒന്‍പതിനാണ് സര്‍ക്കാരിനെ പിരിച്ചു വിടാന്‍ ഷെഹ്ബാസ് ഷെരീഫ് ശിപാര്‍ശ ചെയ്തത്. ഭരണഘടന അനുസരിച്ച് അടുത്ത 90 ദിവസത്തിനുള്ളില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കണമെന്നാണ് ചട്ടം. രാജ്യത്തിന്റെ പുതിയ സെന്‍സസ് ഫലങ്ങള്‍, കാലാവധി കഴിയുന്നതിന് മുന്‍പ് സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. ഈ ഫലങ്ങള്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പ് പുനഃനിര്‍ണയിക്കേണ്ടത് ഭരണാഘടനാപരമായ ബാധ്യതയാണെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് രണ്ട് മാസത്തോളം വൈകുമെന്നുമാണ് വിവരം.