യുഎഇ നിവാസികൾക്ക് സ്വന്തം സ്പോൺസർഷിപ്പിൽ ബന്ധുക്കളെയും കൂട്ടുകാരെയും രാജ്യത്ത് കൊണ്ടുവരാം

A beautiful couple on holidays enjoys the panoramic view over the city skyline of Dubai, UAE, during sunrise

അബുദാബി: യുഎഇ നിവാസികൾക്ക് സ്വന്തം സ്പോൺസർഷിപ്പിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശക വീസയിൽ കൊണ്ടുവരാൻ അവസരം. 30, 60, 90 ദിവസ കാലാവധിയുള്ള വീസയിൽ കൊണ്ടുവരാനാണ് അനുമതിയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി അറിയിച്ചു. തുല്യകാലയളവിലേക്ക് പുതുക്കുകയും ചെയ്യാം. ഐസിപി വെബ്സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവയിലൂടെ ഇതിന് അപേക്ഷിക്കാം. എന്നാൽ വീസ കാലാവധിക്കുശേഷം രാജ്യം വിടാത്തവർക്കെതിരെ പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നൽകി
ഒന്നു മുതൽ 3 മാസം വരെ കാലാവധിയുള്ള സിംഗിൾ എൻട്രി, ഒന്നിലേറെ തവണ യാത്ര ചെയ്യാവുന്ന മൾട്ടിപ്പിൾ എൻട്രി വീസ തിരഞ്ഞെടുക്കാം. വീസ ലഭിച്ചാൽ 60 ദിവസത്തിനകം രാജ്യത്ത് പ്രവേശിച്ചാൽ മതി
ഐസിപി വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ ഡിജിറ്റൽ ഐഡി (യുഎഇ പാസ്) ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം വീസ ഓപ്ഷനിൽ പ്രവേശിച്ച് സിംഗിൾ എൻട്രിയോ മൾട്ടിപ്പിൾ എൻട്രിയോ സിലക്ട് ചെയ്യണം. പിന്നീട് വിസിറ്റ് എ റിലേറ്റീവ് ഓർ ഫ്രണ്ട് എന്ന ഓപ്ഷനിൽ ആവശ്യമുള്ള കാലാവധിയനുസരിച്ച് സിലക്ട് ചെയ്ത് വ്യക്തിഗത വിവരങ്ങൾ നൽകി ഫീസ് അടച്ചാൽ തത്സമയം ഡിജിറ്റലായി തന്നെ വീസ ലഭിക്കും. വ്യക്തിയുടെ പേരും വിലാസവും തെറ്റുകൂടാതെ രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കിയ ശേഷമേ അപേക്ഷ സമർപ്പിക്കാവൂ.
നിലവിൽ 10,000 ദിർഹം ശമ്പളമുള്ളവർക്കു മാത്രമേ മാതാപിതാക്കളെയും അടുത്ത ബന്ധുക്കളെയും സ്പോൺസർ ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. ഭാര്യയെയും മക്കളെയും കൊണ്ടുവരുന്നതിന് 3000 ദിർഹവും കമ്പനി താമസ സൗകര്യവും ഉണ്ടായിരിക്കണം. താമസ സൗകര്യമില്ലാത്തവർക്ക് കുറഞ്ഞത് 4000 ദിർഹമാണ് കുടുംബത്തെ കൊണ്ടുവരാനുള്ള ശമ്പളം

Leave a Reply

Your email address will not be published. Required fields are marked *