അടുത്ത ആറു മാസത്തേക്ക് സർക്കാർ ജീവനക്കാരും സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും പണിമുടക്കുകളിൽ പങ്കെടുക്കുന്നത് വിലക്കി ഉത്തർപ്രദേശ് സർക്കാർ. ഇതിന്റെ ഭാഗമായി യു പി സർക്കാർ ‘എസ്മ’ പുറപ്പെടുവിച്ചു.
ഡിസംബര്‍ ഏഴ് മുതല്‍ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ നടത്തുന്ന സമരത്തെ പ്രതിരോധിക്കാനായാണ് സർക്കാർ നീക്കം. 1966-ലെ ഉത്തര്‍പ്രദേശ് അവശ്യ സേവന പരിപാലന നിയമത്തിലെ മൂന്നാം വകുപ്പിന് കീഴിലെ ഉപവകുപ്പ് പ്രകാരമുള്ള അധികാരങ്ങള്‍ വിനിയോഗിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പൂര്‍വാഞ്ചല്‍ ദക്ഷിണാഞ്ചല്‍ ഡിസ്ട്രിബ്യൂഷന്‍ കോര്‍പറേഷനുകള്‍ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ യുപി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ഈ വർഷം ഫെബ്രുവരിയിലും സർക്കാർ സമാനരീതിയിൽ എസ്മ നടപ്പാക്കിയിരുന്നു.
വിവിധ സംഘടനകള്‍ കര്‍ഷക സമരത്തിന് ആഹ്വാനം ചെയ്തതിൻ്റെ പശ്ചാത്തലത്തിലായിരുന്നു അന്ന് എസ്മ പുറപ്പെടുവിച്ചത്. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലും കോര്‍പറേഷനുകളിലും അധികാര കേന്ദ്രങ്ങളിലുമുള്ള ജീവനക്കാര്‍ ആറ് മാസത്തേക്ക് പണിമുടക്കില്‍ പങ്കെടുക്കുന്നത് നിരോധിച്ചുകൊണ്ടായിരുന്നു അവശ്യ സേവന പരിപാലന നിയമം (എസ്മ) നടപ്പാക്കിയത്.