ആരാധനാലയ നിയമം ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുന്നതിനായി സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, പി.വി. സഞ്ജയ് കുമാര്‍, കെ.വി. വിശ്വനാഥന്‍ എന്നിവര്‍ അംഗങ്ങളായുള്ള പ്രത്യേക ബെഞ്ചായിരിക്കും സുപ്രീംകോടതി രൂപീകരിക്കുക.
ഈ ഹർജികളിൽ വ്യാഴാഴ്ച മുതൽ വാദം കേള്‍ക്കും. 2020 മുതൽ പരിഗണനയിലുള്ളതാണ് ഹർജി. 1991 ലെ ആരാധനാലയ നിയമത്തിൻ്റെ സാധുത ചോദ്യം ചെയ്ത് അഭിഭാഷകൻ അശ്വിനികുമാർ ഉപാധ്യായ സമർപ്പിച്ച ഒരു കൂട്ടം ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
വിഷയത്തിൽ 2021 മാർച്ചിൽ പുറപ്പെടുവിച്ച നോട്ടീസിന് കേന്ദ്രം ഇതുവരെയും നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേസമയം, ആരാധനാലയ നിയമത്തിൻ്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നൽകിയ ഹർജികൾക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് ജ്ഞാൻവാപി പള്ളിക്കമ്മിറ്റി. രാജ്യത്തിൻ്റെ എല്ലായിടത്തും ഇത്തരം തർക്കങ്ങൾ തലപൊക്കുമെന്നും ഇത് സാമുദായിക സൗഹാർദം ഇല്ലാതാക്കുമെന്നും മസ്ജിദ് കമ്മിറ്റിയുടെ ഹർജിയിൽ പറയുന്നു. ഇത്തരത്തിലുള്ള വാദങ്ങൾ കലാപമുണ്ടാക്കുന്നതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.