വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും വോട്ടെടുപ്പ് ആരംഭിച്ചു

Share

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ തന്നെ പോളിങ് ബൂത്തുകളിൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യുആർ പ്രദീപും യുഡിഎഫിൻ്റെ രമ്യ ഹരിദാസും വയനാട്ടിൽ എൽഡിഎഫിൻ്റെ സത്യൻ മൊകേരിയും യുഡിഎഫിൻ്റെ പ്രിയങ്ക ഗാന്ധിയുമാണ് പ്രധാന സ്ഥാനാർഥികൾ.
ചേലക്കരയിൽ 2,13,103 വോട്ടന്മാര്‍ക്കായി 180 ബൂത്തുകള്‍ സജീകരിച്ചു. എൽഡിഎഫ് സ്ഥാനാർഥി യുആര്‍ പ്രദീപ് ബൂത്ത് നമ്പര്‍ 25 (വിദ്യാസാഗര്‍ ഗുരുകുലം സ്‌കൂള്‍ കൊണ്ടയൂര്‍)-ൽ വോട്ട് രേഖപ്പെടുത്തും.
വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞടുപ്പില്‍ 14,71,742 വോട്ടര്‍മാര്‍ ആണുള്ളത്. വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ ഡിആര്‍ മേഘശ്രീ അറിയിച്ചു. വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലങ്ങളിലായി 14,71,742 വോട്ടര്‍മാരാണുള്ളത്.
2004 സര്‍വീസ് വോട്ടര്‍മാരും ഭിന്നശേഷിക്കാരും 85 വയസ്സിന് മുകളില്‍ പ്രായമുള്ളവരുമായി 11,820 വോട്ടര്‍മാരുമാണ് മണ്ഡലത്തിലുള്ളത്. 7,519 വോട്ടര്‍മാരാണ് വീടുകളില്‍ നിന്നുതന്നെ വോട്ട് ചെയ്യാന്‍ സന്നദ്ധരായി ഇത്തവണയും മുന്നോട്ടുവന്നത്. ഏറ്റവും കൂടുതല്‍ സര്‍വീസ് വോട്ടര്‍മാരുള്ളത് സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലത്തിലാണ്. 458 പേരാണ് ഇവിടെ സര്‍വീസ് വോട്ടര്‍മാരായുള്ളത്.
അതേസമയം വയനാട് ലോക്സഭാ മണ്ഡലത്തിലുള്ള മുക്കം നഗരസഭയിലെ മണാശ്ശേരി മാമോ കോളജിലെ ബൂത്ത് നമ്പർ 125ൽ യന്ത്ര തകരാർ മൂലം വോട്ടിങ് നിർത്തിവെച്ചു. നേരത്തെ വയനാട്ടിലെ തന്നെ തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലുള്ള രണ്ട് പോളിങ് ബൂത്തുകളിലും വോട്ടിങ് മെഷീൻ തകരാർ ഉണ്ടായിരുന്നെങ്കിലും ഇത് പിന്നീട് പരിഹരിച്ചിരുന്നു. കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട് എൽപി സ്കൂൾ (ബൂത്ത് 86), മുക്കം നഗരസഭയിലെ തോട്ടത്തിൻകടവ് ഹയാത്തുൽ ഇസ്ലാം മദ്രസ (ബൂത്ത് 101) എന്നിവിടങ്ങളിലാണ് മെഷീൻ തകരാറിലായിരുന്നത്.