യുഎഇയിൽ പ്രസിദ്ധമാകുന്ന ഇത്തിഹാദ് റയിലിന്റെ ആദ്യ രണ്ട് പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

Share

യുഎഇയിലെ എല്ലാ എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റയിലിന്റെ ആദ്യ രണ്ട് പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു. ഫുജൈറിലും ഷാർജയിലും ആയിരിക്കും സ്റ്റേഷനുകളെന്ന് അധികൃതർ അറിയിച്ചു. അബുദാബിയിൽ നടക്കുന്ന ആദ്യ ഗ്ലോബൽ റയിൽ കോൺഫറൻസിലാണ് പ്രഖ്യാപനം നടത്തിയത്. ഗുവൈഫത്ത് മുതൽ ഫുജൈറ വരെ 900 കിലോമീറ്റർ ദൈർഘ്യമുള്ള ഇത്തിഹാദ് റയിൽ. യുഎഇയിലെ ഏഴ് എമിറേറ്റുകളെയും 11 പ്രധാനനഗരങ്ങളെയും ബന്ധിപ്പിച്ചാണ് കടന്നുപോകുന്നത്. 2016ൽ ഇത്തിഹാദ് റയിൽ വഴി ചരക്ക് നീക്കം തുടങ്ങിയെങ്കിലും കഴിഞ്ഞ വർഷമാണ് പ്രവർത്തനം പൂർണതോതിലായത്. ഇതിന് പിന്നാലെയാണ് പാസ‍ഞ്ചർ ട്രെയിനിന്റെ ആദ്യ രണ്ട് സ്റ്റേഷനുകൾ പ്രഖ്യാപിച്ചത്.
ആദ്യ സ്റ്റേഷൻ ഫുജൈറയിലെ സകമ്മലും രണ്ടാമത്തെ സ്റ്റേഷൻ ഷാർജ യൂണിവേഴ്സിറ്റി സിറ്റിയിലും ആയിരിക്കുമെന്ന് ഇത്തിഹാദ് റയിലിലെ പബ്ലിക് പോളസി ആൻഡ് സസ്റ്റെയിനിബിലിറ്റി ഡയറക്ടർ അധ്രാ അൽ മൻസൂറി അറിയിച്ചു. ചരക്ക് ഗതാഗതത്തിന് ഉപയോഗിക്കുന്ന അതേ അടിസ്ഥാന സൗകര്യങ്ങൾ തന്നെയായിരിക്കും പാസ‍ഞ്ചർ ട്രെയിനിനും ഉപയോഗിക്കുക. മണിക്കൂറിൽ 200 കിലോമീറ്ററായിരിക്കും പാസഞ്ചർ ട്രെയിനിന്റെ വേഗം. 2030 ഓടെ മൂന്ന് കോടി അറുപത് ലക്ഷം പേർക്ക് ഇത് വഴി യാത്രാസൗകര്യമൊരുക്കാൻ ആകുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ പാസഞ്ചർ ട്രെയിൻ എന്ന് സർവീസ് ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
അതേസമയം ഇത്തിഹാദിന്റെ തുടർച്ചയായി ഒമാൻ റയിലുായി ചേർന്ന് ഹഫീത്ത് റയിൽ പദ്ധതിയും യുഎഇ നടപ്പാക്കുന്നുണ്ട്. 300 കിലോമീറ്ററിലേറെ നീളമുള്ള ഹഫീത്ത് റയിൽ പദ്ധതി പൂർത്തിയാകുന്നതോടെ യുഎഇയിൽ ഒമാനിലേക്കുള്ള യാത്രസമയം ഒരു മണിക്കൂറിൽ താഴെയായി ചുരുങ്ങും. ഗ്ലോബൽ റയിൽ കോൺഫ്രറൻസിൽ ഇത്തിഹാദ് റയിലിന്റെ പാസ‍ഞ്ചർ ട്രെയിൻ കംപാട്മെന്റിന്റെ മാതൃക അവതരിപ്പിച്ചു. സന്ദർശകർക്ക് ട്രെയിനിൽ വെർച്വൽ യാത്ര നടത്താനുള്ള സൗകര്യവും ഒരുക്കിയിരുന്നുണ്ട്.