അർജുന്റെ കുടുംബത്തിന്റെ പരാതിയിൽ ലോറി ഉടമ മനാഫിനെതിരെ കേസ് എടുത്തു

Share

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫിനെതിരെ കേസ് എടുത്തു. അർജുന്റെ സഹോദരി അഞ്ജുവിന്റെ പരാതിയിലാണു മനാഫിനെതിരെ ചേവായൂർ പൊലീസ് കേസെടുത്തത്. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമമെന്ന വകുപ്പാണു ചുമത്തിയത്.കുടുംബത്തിന്റെ മാനസികാവസ്ഥയും വൈകാരികതയും മനാഫ് മുതലെടുത്തെന്ന് എഫ്ഐആറിൽ പറയുന്നു. ഭാരതീയ ന്യായ് സംഹിതയിലെ 192, 120 (ഒ) കേരള പൊലീസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. സോഷ്യൽ മീഡിയ പേജുകൾ പരിശോധിക്കുമെന്നും ഇന്ന് കുടുംബത്തിന്റെ മൊഴി എടുക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ ശക്തമായ നടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു. കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ മനാഫും മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയും നാടകം കളിച്ചുവെന്ന് അർജുന്റെ കുടുംബം വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയുണ്ടായ സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെയാണ് കുടുംബം കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണക്കു പരാതി നല്‍കിയത്. വര്‍ഗീയ അധിക്ഷേപം നടക്കുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു.