ദുബൈ: അസ്ഥിര കാലാവസ്ഥ പ്രവചിച്ച സാഹചര്യത്തിൽ കനത്ത ജാഗ്രത നിർദേശം നൽകി യു.എ.ഇ അധികൃതർ. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ രാജ്യത്തെ മിക്കയിടങ്ങളിലും കനത്ത മഴയുണ്ടാകുമെന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച വൈകീട്ടോടെ അബൂദബിയിലും അൽഐനിലും മഴ ആരംഭിച്ചിട്ടുണ്ട്. ശക്തമായ കാറ്റു വീശുന്നതിനാൽ യാത്രക്കാർ കനത്ത ജാഗ്രത പുലർത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു.
വെള്ളം ഒഴുകുന്നയിടങ്ങളിലും, വെള്ളം കെട്ടികിടക്കുന്ന സ്ഥലങ്ങളിലും വാഹനങ്ങൾ നിർത്തരുതെന്ന നിർദ്ദേശമുണ്ട്. അൽ ഐനിലെ ചില പ്രദേശങ്ങളിൽ ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്നും അധികൃതർ ഓർമിപ്പിച്ചു. അബൂദബിയിലെ കച്ചകളിലും മറ്റും നിർത്തിയിട്ടിരുന്ന വാഹനങ്ങൾ മുനിസിപ്പാലിറ്റി നീക്കിയിട്ടുണ്ട്. സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യങ്ങൾ അനുവദിക്കണമെന്ന് മാനവ വിഭവശേഷി എമിററ്റൈസേഷൻ മന്ത്രാലയം സ്വകാര്യ കമ്പനികളോട് നിർദേശിച്ചത്. ദുബൈയിലെ ബീച്ചുകൾ, പൊതു പാർക്കുകൾ, വിപണികൾ എന്നിവ അടക്കാൻ മുനിസിപ്പാലിറ്റി ഉത്തരവിട്ടു.