കൊച്ചി: വിദേശ കറന്‍സി എക്‌സചേഞ്ച് രംഗത്ത് വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള ലുലു ഗ്രൂപ്പിന്റെ സാന്നിധ്യം ഇനിമുതല്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലും. ഫോറിന്‍ മണി വിനിമയത്തിനായി ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലുലു ഫോറക്‌സിന്റെ നാല് കൗണ്ടറുകളാണ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ‘സിയാല്‍’ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് ഐ.എ.എസ് കൗണ്ടറുകളുടെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. കറന്‍സി വിനിമയ രംഗത്ത് രാജ്യാന്തര തലത്തില്‍ തന്നെ പേര് കേട്ട ലുലു ഫോറെക്‌സിന്റെ പ്രവര്‍ത്തനം സിയാലിലെത്തുന്ന യാത്രക്കാര്‍ക്ക് കറന്‍സി വിനിമയം കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ലുലു ഫോറെക്‌സ് ടീമിനെ അഭിനന്ദിക്കുന്നതായും ഉദ്ഘാടന വേളയില്‍ എസ്. സുഹാസ് ഐഎഎസ് പറഞ്ഞു.
ലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് സേവനങ്ങള്‍ എത്തിക്കുകയെന്ന ലക്ഷ്യം നിറവേറ്റുന്നതിനാണ് കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലുലു ഫോറെക്‌സിന്റെ കൗണ്ടറുകള്‍ ആരംഭിച്ചതെന്നും നെറ്റ്വര്‍ക്ക് വിപുലീകരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് എംഡി അദീബ് അഹമ്മദ് ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയതും അതിവേഗം വളരുന്നതുമായ എയര്‍പോര്‍ട്ടുകളില്‍ മുന്നില്‍ നില്‍ക്കുന്ന കൊച്ചിയില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടി കേന്ദ്രീകരിച്ച് മികച്ച സേവനം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലുലു ഫോറെക്‌സ് ഡയറക്ടര്‍ ഷിബു മുഹമ്മദ്, എയര്‍പോര്‍ട്ട് ഡയറക്ടര്‍ മനു. ജി, കൊമേഴ്‌സല്‍ മാനേജര്‍ ജോസഫ് പീറ്റര്‍, ഡെപ്യൂട്ടി മാനേജര്‍ ജോര്‍ജ് ഇലഞ്ഞിക്കല്‍, ലുലു ഫിന്‍സെര്‍വ്വ് എം.ഡി സുരേന്ദ്രന്‍ അമ്മിറ്റത്തൊടി, ലുലു ഫിന്‍സര്‍വ്വ് ഡയറക്ടര്‍ മാത്യു വിളയില്‍, ലുലു ഫോറെക്‌സ് ഡിജിഎം ജ്ഞാന്‍ദേവ് വി.കെ, സിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സജി കെ ജോര്‍ജ്, സിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജയരാജന്‍. വി, സി.ഐ.എസ്.എഫ് അസിസ്റ്റന്റ് കമാന്റഡ് നരേഷ്‌കുമാര്‍ എന്നിവരോടൊപ്പം സിയാലിലേയും ലുലു ഫോറെക്‌സിലേയും നിരവധി ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.
എല്ലാ ദിവസവും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന പുതിയ കേന്ദ്രങ്ങള്‍ ഇന്റര്‍നാഷണല്‍ ഡിപ്പാര്‍ച്ചര്‍ ചെക്ക്-ഇന്‍ ഏരിയയില്‍ രണ്ടെണ്ണവും T3 ഇന്റര്‍നാഷണല്‍ ബില്‍ഡിംഗിന്റെ ഇന്റര്‍നാഷണല്‍ അറൈവല്‍ ബാഗേജ് ഏരിയയിലും, ഇന്റര്‍നാഷണല്‍ അറൈവല്‍ ജനറല്‍ കോണ്‍കോഴ്സിലുമാണ് പ്രവര്‍ത്തിക്കുന്നത്. ഈ കൗണ്ടറുകളിലൂടെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതോടെ ഇന്ത്യയില്‍ ലുലു ഫോറെക്‌സിന്റെ ശാഖകളുടെ എണ്ണം 29-ലേക്കുയര്‍ന്നു. ആഗോള തലത്തില്‍ 308 ശാഖകളാണ് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്.
എന്താണ് ലുലു ഫോറെക്‌സ്?
അബുദാബി ആസ്ഥാനമായുള്ള ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന്റെ ഭാഗമാണ് ലുലു ഫോറെക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. പത്ത് രാജ്യങ്ങളിലായി സാമ്പത്തിക സേവന രംഗത്ത് മികച്ച രീതിയില്‍ വർഷങ്ങളായി പ്രവര്‍ത്തിച്ചു വരുകയാണ് ലുലു ഫോറെക്‌സ്. ക്രോസ്-ബോര്‍ഡര്‍ പേയ്മെന്റുകള്‍ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ ഡിജിറ്റല്‍, കറന്‍സി എക്സ്ചേഞ്ച്, പുറത്തേക്ക് പണമയയ്ക്കല്‍, മറ്റ് മൂല്യവര്‍ധിത സേവനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ലുലു ഫോറെക്‌സ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. ലുലു ഫോറെക്സ് ഇന്ത്യയിലുടനീളം 29 എന്‍ഗേജ്മെന്റ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.