സ്വകാര്യ വിദ്യാലയങ്ങളിൽ സുരക്ഷ ഉറപ്പാക്കണമെന്ന നിർദ്ദേശവുമായി അബുദാബി

Share

അബുദാബി: സ്വകാര്യ വിദ്യാലയങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ശക്തമായ മാർഗനിർദ്ദേശങ്ങളുമായി അബുദാബി. അബുദാബി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (അഡെക്), അബുദാബി പബ്ലിക് ഹെൽത്ത് സെൻ്റർ (എഡിപിഎച്ച്‌സി) എന്നിവയുടെ മേൽനോട്ടത്തിലാണ് എമിറേറ്റിലെ എല്ലാ സ്വകാര്യ സ്കൂളുകളും, ജീവനക്കാർക്കും, വിദ്യാർത്ഥികൾക്കും, സന്ദർശകർക്കും ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ചിരിക്കുന്നത്. ഇതുപ്രകാരം വിദ്യാർത്ഥികൾ, സ്റ്റാഫ്, കോൺട്രാക്ടർമാർ, സന്ദർശകർ എന്നിവരുടെ ഉത്തരവാദിത്തങ്ങൾ വിശദീകരിക്കുന്ന സമഗ്രമായ നയങ്ങൾ സ്കൂളുകൾ നടപ്പിലാക്കേണ്ടതുണ്ട്. അപകടസാധ്യതകളെക്കുറിച്ച് ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും പരിശീലനം നൽകുന്നതിനും അധിക ചെലവില്ലാതെ എല്ലാ വിദ്യാർത്ഥികൾക്കും സ്കൂൾ ക്ലിനിക്കുകൾ വഴി ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനും നയം ഊന്നൽ നൽകുന്നു. ആരോഗ്യ സുരക്ഷാ നയങ്ങൾ നടപ്പിലാക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും ഉത്തരവാദിത്തമുള്ള, മുഴുവൻ സമയ ആരോഗ്യ സുരക്ഷാ ഉദ്യോഗസ്ഥനെ സ്കൂളുകൾ നിയമിക്കണം. ആരോഗ്യവും സുരക്ഷയും അവരുടെ മുൻഗണനയായി നിശ്ചയിച്ചു നൽകണം. ഈ ഉത്തരവാദിത്വത്തെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള മറ്റു ജോലികൾ ഒന്നും ഇദ്ദേഹത്തെ ഏൽപ്പിക്കരുത് എന്നാണ് നിദ്ദേശം. . അതേസമയം റോഡ് സുരക്ഷ, റിസ്ക് മാനേജ്മെൻ്റ്, ഫയർ സേഫ്റ്റി, പ്രഥമശുശ്രൂഷ തുടങ്ങിയ ആരോഗ്യ, സുരക്ഷാ വിഷയങ്ങളിൽ എല്ലാ വിദ്യാർത്ഥികൾക്കും പരിശീലനം നൽകണമെന്ന് പുതിയ നയം അനുശാസിക്കുന്നു. എല്ലാ ജീവനക്കാർക്കും അടിസ്ഥാനപരമായ അറിവും (അപകടകരവും ആരോഗ്യവും സുരക്ഷയുമായി ബന്ധപ്പെട്ട സംഭവങ്ങളും റിപ്പോർട്ടുചെയ്യുന്നത് ഉൾപ്പെടെ) വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിനുള്ള പ്രായോഗിക വൈദഗ്ധ്യവും നൽകുന്നതിന് പരിശീലനം ലഭിക്കുന്നുണ്ടെന്ന് സ്കൂളുകൾ ഉറപ്പാക്കണം. കൂടാതെ സ്കൂൾ ബാഗിൻ്റെ ഭാരം, ആരോഗ്യ സുരക്ഷാ ആവശ്യകതകൾ, പുകവലി രഹിത കാമ്പസ്, മെഡിക്കൽ സേവനങ്ങൾ എന്നിവയെല്ലാം ഉൾപെടുത്തിക്കൊണ്ടാണ് സ്കൂളുകൾക്ക് സുരക്ഷ ഉറപ്പാക്കേണ്ടതെന്ന് അധികൃതർ നിർദ്ദേശിച്ചു.