യുവാക്കളെ കംബോഡിയയിലേക്ക് കടത്തിയ സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റ‍ർ‍ ചെയ്തു; അകപ്പെട്ട യുവാക്കളെ നാട്ടിലെത്തിച്ചു

Share

യുവാക്കളെ കംബോഡിയയിലേക്ക് കടത്തിയ കേസിൽ കോഴിക്കോട് പേരാമ്പ്ര പോലീസ് കേസ് രജിസ്റ്റ‍ർ‍ ചെയ്തു. പേരാമ്പ്ര സ്വദേശി അബിൻ ബാബുവിൻ്റെ പിതാവ് നൽകിയ പരാതിയിലാണ് കേസ്. ബാങ്കോക്കിൽ ജോലി തരപ്പെടുത്തിതരാം എന്ന് പറഞ്ഞ് യുവാവിനെ കംമ്പോടിയയിൽ കൊണ്ടുപോയി എന്നാണ് പരാതി. അബിൻ ബാബുവിന് കംമ്പോടിയയിൽ നിന്ന് തിരിച്ചെത്താൻ സാധിച്ചിട്ടില്ല.
അതേസമയം തൊഴിൽ തട്ടിപ്പിനിരയായി കംബോഡിയയിൽ കുടുങ്ങിയ യുവാക്കളെ നാട്ടിലെത്തിച്ചു. സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ ഇടപെടലിന്റെ ഭാ​ഗമായാണ് യുവാക്കളെ തിരിച്ചെത്തിക്കാൻ സാധിച്ചത്. വടകര മണിയൂര് സ്വദേശികളായ ചാലു പറമ്പത്ത് അഭിനന്ദ് പിലാതോട്ടത്തിൽ സെമിൽ ദേവ് , ചങ്ങരോത്ത് കണ്ടി, അഭിനന്ദ് , പുളിക്കൂൽ താഴകുനി അരുൺ , തോടന്നൂർ കല്ലായി മീത്തൽ അശ്വന്ത് ബാബു , മലപ്പുറം എടപ്പാൾ സ്വദേശി അജ്മൽ , മംഗലാപുരം സ്വദേശി റോഷൻ ആൻ്റണി എന്നിവരാണ് കമ്പോഡിയയിൽ നിന്ന് രക്ഷപ്പെട്ട് എത്തിയത്.
ഇക്കഴിഞ്ഞ ഒക്ടോബർ മൂന്നിന് പരിചയക്കാരനും സുഹൃത്തുമായ അനുരാഗ് എന്നയാൾ മുഖേന തായ്ലാൻ്റിലേക്ക് ഐടി മേഖലയിൽ ജോലിക്കായി അവർ പോയത്. തായ്ലാൻ്റിലെത്തിയ ഇവരുടെ പാസ്പോർട്ട് കൈക്കലാക്കുകയും മർദ്ദിച്ച് അവശരാക്കി തടവിലാക്കുകയുമായിരുന്നു.അതിനുശേഷം കബോഡിയയിൽ ആണ് ജോലി എന്നു പറഞ്ഞ് അങ്ങോട്ടേക്ക് കൊണ്ടുപോയി. 2500 ഡോളർ വീതം വാങ്ങി കംബോഡിയൻ കമ്പനിക്ക് ഇവരെ വിൽക്കുകയായിരുന്നു.
സൈബർ തട്ടിപ്പ് ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന തട്ടിപ്പ് കമ്പനിയിലാണ് ജോലി ചെയ്യേണ്ടിയിരുന്നത് . വിസമ്മതിച്ചതോടെ സുരക്ഷാ ജീവനക്കാർ ഷോക്കടിപ്പിക്കുന്ന ഇലക്ട്രിക് ദണ്ഡുകൊണ്ടും ഇരുമ്പ് വടി കൊണ്ടും മർദ്ദിച്ചിരുന്നതായി യുവാക്കൾ പറഞ്ഞു.സംസ്ഥാന കേന്ദ്ര സർക്കാരുകൾ ഇടപെട്ടാണ് ഇവരെ ഇന്ത്യൻ എംബസി വഴി നാട്ടിലെത്തിച്ചത്.