പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഇനി ആറും ദിവസം മാത്രം

Share

ദുബായ്: യുഎഇയിലെ വിസ നിയമ ലംഘകര്‍ക്ക് ഭരണകൂടം അനുവദിച്ച രണ്ടു മാസത്തെ പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഇനി ശേഷിക്കുന്നത് ആറും ദിവസം മാത്രം. ഇതിനകം പതിനായിരങ്ങള്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിടുകയോ പുതിയ വിസയില്‍ രാജ്യത്ത് തുടരുകയോ ചെയ്തുവെങ്കിലും അവാസാന ഘട്ടത്തിലെത്തിയപ്പോഴേക്കും പൊതുമാപ്പ് കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ മാത്രം പതിനായിരത്തിലേറെ പ്രവാസി ഇന്ത്യക്കാരാണ് പൊതുമാപ്പ് സേവനങ്ങള്‍ക്കായി എത്തിയത്. ഇവര്‍ക്കെല്ലാം ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കിയതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. ബയോമെട്രിക് രേഖകള്‍ നല്‍കുന്നത് ഒഴികെയുള്ള പൊതുമാപ്പുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സഹായ കേന്ദ്രത്തിലൊരുക്കിയാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രവാസികളെ പൊതുമാപ്പ് നേടാന്‍ സഹായിക്കുന്നത്. ഇതുവരെ കോണ്‍സുലേറ്റിന്‍റെ സഹായ കേന്ദ്രത്തിലെത്തിയവരില്‍ 1300 പേര്‍ക്ക് പാസ്‌പോര്‍ട്ട്, 1700 പേര്‍ക്ക് എമര്‍ജന്‍സി എക്‌സിറ്റ് സര്‍ട്ടിഫിക്കറ്റ് 1500 പേര്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് എന്നിവ നല്‍കി. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള യാത്രാ രേഖകള്‍ ഇല്ലാത്തവരോ അവ കാലഹരണപ്പെട്ടവരോ ആയ നിരവധി ഇന്ത്യക്കാരും കോണ്‍സുലേറ്റില്‍ സഹായം തേടിയെത്തി. ഇവര്‍ക്ക് താല്‍ക്കാലിക പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ മണിക്കൂറുകള്‍ക്കുള്ളിലാണ് കോണ്‍സുലേറ്റ് ലഭ്യമാക്കിയത്. വീസ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടാനുള്ള എക്‌സിറ്റ് പെര്‍മിറ്റ് നല്‍കുന്നത് ഉള്‍പ്പെടെ ആമിര്‍ സെന്‍ററുകളില്‍ ലഭിക്കുന്ന സേവനങ്ങളെല്ലാം ഇന്ത്യന്‍ കോണ്‍സുലേറ്റിലും ഒരുക്കിയിട്ടുണ്ട്. പൊതുമാപ്പ് കാലാവധി പ്രയോജനപ്പെടുത്താതെ രാജ്യത്തു തുടരുന്ന വിസ നിയമലംഘകര്‍ക്കെതിരേ നവംബര്‍ ഒന്നു മുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് യുഎഇ അധികൃതര്‍ നേരത്തെ മുന്നറിയിപ്പു നല്‍കിയിയിരുന്നു. ഇവര്‍ പിടിക്കപ്പെട്ടാല്‍ മുഴുവന്‍ പിഴയും അടയ്‌ക്കേണ്ടി വരുമെന്നു മാത്രമല്ല, യുഎഇയില്‍ നിന്ന് നാടുകടത്തപ്പെടുകയും ചെയ്യും. പിന്നീട് ഇവര്‍ക്ക് യുഎഇയിലേക്ക് തിരികെ വരാന്‍ കഴിയാത്ത വിധം നിരോധനത്തോടെയായിരിക്കും ഇവരെ യുഎഇയില്‍ നിന്ന് കയറ്റി അയക്കുക. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും കോണ്‍സുല്‍ ജനറല്‍ അറിയിച്ചു.