വിടവാങ്ങിയത് ടാറ്റ ഗ്രൂപ്പിൻ്റെ സാരഥിയും; വ്യവസായ രംഗത്തെ സമ്പന്നനും

Share

ലോകത്തിലെ എണ്ണപ്പെട്ട വ്യവസായ ശൃംഖലകളിലൊന്നായി ഇതിനകം തന്നെ മാറിക്കഴിഞ്ഞ ടാറ്റ ഗ്രൂപ്പിൻ്റെ സാരഥി രത്തൻ ടാറ്റ അന്തരിച്ചു. വ്യവസായ രംഗത്ത് പലപ്പോഴും അന്യം നിന്നു പോകാറുള്ള മനുഷ്യത്വത്തിൻ്റെ പ്രതീകമാണ് മാഞ്ഞത്. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് രത്തൻ ടാറ്റ, മുംബൈ ആസ്ഥാനമായ ടാറ്റ സൺസ് ചെയർമാനായി സ്ഥാനമേൽക്കുന്നത്. അവിടെ നിന്നിങ്ങോട്ട് രണ്ട് പതിറ്റാണ്ടിലേറെക്കാലം ടാറ്റ ഗ്രൂപ്പിൻ്റെ മുഖമെന്നാൽ അത് രത്തൻ ടാറ്റയായിരുന്നു. ഉപ്പ് തൊട്ട് സോഫ്ട്‍വെയർ വരെ പടർന്ന് പന്തലിച്ച വലിയൊരു വ്യവസായ ശൃംഖലയെ ലോകോത്തര നിലവാരത്തിലെത്തിച്ച സ്ഥിരോൽസാഹിയും ദീർഘവീക്ഷണവുമുള്ള വ്യവസായിയായിരുന്നു രത്തൻ ടാറ്റ.
രത്തൻ ടാറ്റ വിടവാങ്ങിയതോടെ ഇന്ത്യൻ വാഹന വിപണിക്ക് നഷ്ടമായിരിക്കുന്നത് കാറുകളിൽ വിപ്ലവം സൃഷ്ടിച്ച വ്യവസായിയെ കൂടിയാണ്. വാഹന വിപണിയെ ടാറ്റ പിടിച്ചെടുത്തത് വളരെ പെട്ടന്നായിരുന്നു. ടാറ്റ സുമോയും ഇൻഡിക്കയും സാധാരണക്കാരായ വാഹന പ്രേമികൾക്കിടയിൽ അതിവേഗം ശ്രദ്ധ നേടി. താങ്ങാവുന്ന വിലയും സ്ട്രോങ്ങ് ബോഡിയുമാണ് ടാറ്റയുടെ പ്രധാന സവിശേഷത.
കൂടാതെ വളരെ പെട്ടന്ന് തന്നെ കുഞ്ഞൻ കാറായ നാനോയെ വിപണിയിലെത്തിച്ച് സാധാരണക്കാർക്കിടയിൽ കയ്യടി നേടാനും ടാറ്റക്ക് കഴിഞ്ഞു. ഒരു കുടുംബം ബൈക്കിൽ യാത്ര ചെയ്യുന്നത് കണ്ടപ്പോൾ ഉദിച്ച ഐഡിയയാണ് അദ്ദേഹത്തിന് നാനോ എന്ന കാർ ആശയം.ഇറങ്ങുന്ന സമയത്ത് സാധ്യമാകുമോ എന്നും സുരക്ഷയെ കുറിച്ചും ഏറെ ആശങ്ക ഉണ്ടായിരുന്നെങ്കിലും നാനോയും വിപണിയിൽ തരംഗമായിരുന്നു. ബഡ്ജറ്റ് ഫ്രണ്ട്‌ലിയായ കാർ എന്നത് തന്നെയാണ് എക്കാലത്തെയും നാനോയുടെ ഹൈലൈറ്റ്.
രണ്ട് പതിറ്റാണ്ടിലേറെക്കാലം ‘ടാറ്റ ഗ്രൂപ്പിൻ്റെ’ ചെയർമാനായി സേവനമനുഷ്ഠിച്ച രത്തൻടാറ്റ 2012-ൽ തൻ്റെ 75-ാം വയസ്സിൽ ഔദ്യോഗികമായി തൻ്റെ ബിസിനസ് സാമ്രാജ്യത്തിൽ നിന്നും വിരമിച്ചെങ്കിലും തൻ്റെ ബിസിനസ് രംഗത്തു വരുന്ന ഓരോ മാറ്റങ്ങളെയും സൂക്ഷ്മതയോടെ നിരീക്ഷിച്ച് വ്യവസായം നവീകരിക്കുന്നതിനു വേണ്ട നിർദ്ദേശങ്ങളും ആശയങ്ങളും പങ്കുവെക്കുന്നതിനൊപ്പം സാമൂഹിക രംഗത്ത് ടാറ്റ ഗ്രൂപ്പ് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് താഴെത്തട്ടിലുള്ളവർക്ക് പകർന്നു നൽകുകയും ചെയ്തു. 165 ബില്യൺ ഡോളർ വരുമാനമുള്ള ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായി ‘ടാറ്റ ഗ്രൂപ്പിനെ ഉയർത്തിയാണ് രത്തൻ ടാറ്റ ഇപ്പോൾ വിട വാങ്ങിയിരിക്കുന്നത്.