പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വയനാട് ദുരന്തമേഖല സന്ദര്‍ശിക്കും

Share

വയനാട്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വയനാട് ദുരന്തമേഖല സന്ദര്‍ശിക്കും. രാവിലെ 11 മണിക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് സ്വീകരിക്കും. അവിടെ നിന്നും ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് തിരിക്കുന്ന നരേന്ദ്ര മോദി ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദർശിക്കുകയും പിന്നീട് കല്‍പ്പറ്റയില്‍ എത്തുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗവും ചൂരല്‍മലയിലെത്തും. ചികിത്സയില്‍ കഴിയുന്നവരെയും ക്യാമ്പുകളില്‍ ഉള്ളവരെയും അദ്ദേഹം കാണും. ഇതിനു ശേഷമാകും കലക്ടറേറ്റിലെ അവലോകന യോഗം.
ദുരിതബാധിതരുടെ പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. നരേന്ദ്ര മോദിക്ക് ഒപ്പം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ഉണ്ടാകും.
അതേസമയം ദുരന്തത്തിന് നേരിട്ടോ അല്ലാതെയോ ഇരകളായ വിദ്യാര്‍ത്ഥികള്‍ക്ക് ‘എക്‌സാം ഓണ്‍ ഡിമാന്‍ഡ്’ സംവിധാനം നടപ്പിലാക്കാന്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കി മന്ത്രി ഡോ. ആര്‍. ബിന്ദു. കല്‍പ്പറ്റ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍വകലാശാലകള്‍ സെമസ്റ്റര്‍ പരീക്ഷകള്‍ നടത്തുന്ന ഘട്ടത്തില്‍, ദുരന്തത്തിന്റെ ആഘാതത്തില്‍നിന്നും മോചിതരാകാത്ത കുട്ടികള്‍ക്കുവേണ്ടി അവര്‍ ആവശ്യപ്പെടുന്ന സമയത്ത് പരീക്ഷകള്‍ നടത്തുന്നതാണ് സംവിധാനം.