മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാൽ കനത്തപിഴയും, തടവും ലഭിക്കും

Share

അബുദാബി: മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചോ അശ്രദ്ധമായി സംസാരിച്ചോ വാഹനമോടിക്കുന്നവര്‍ക്ക് കനത്ത പിഴ മുന്നറിയിപ്പുമായി അബുദാബി പോലീസ്. ഡ്രൈവര്‍മാരുടെ ഇത്തരം അശ്രദ്ധമായ പെരുമാറ്റങ്ങളാണ് ട്രാഫിക് സിഗ്നലിലെ ചുവന്ന ലൈറ്റുകള്‍ മുറിച്ചുകടക്കുന്ന ഉള്‍പ്പെടെയുള്ള വലിയ അപകടങ്ങളിലേക്ക് നയിക്കുന്ന പ്രധാന കാരണമെന്ന് അബുദാബി പോലിസ് വ്യക്തമാക്കി. വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മൂലം അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് പോലീസിൻ്റെ നടപടി.
റോഡില്‍, പ്രത്യേകിച്ച് ഇന്റര്‍സെക്ഷനുകളിലും ട്രാഫിക് സിഗ്‌നലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഡ്രൈവര്‍മാരോട് പോലീസ് അഭ്യര്‍ഥിച്ചു. നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് കടുത്ത പിഴയും വാഹനം കണ്ടുകെട്ടുന്നത് ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷയാണ് ലഭിക്കുകയെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അബുദാബിയില്‍, മൊബൈല്‍ ഫോണ്‍ പോലുള്ള ഹാന്‍ഡ് ഹെല്‍ഡ് ഉപകരണങ്ങളുടെ ഉപയോഗം ശ്രദ്ധ തെറ്റിച്ച് വാഹനമോടിക്കുക എന്ന ട്രാഫിക് നിയമ ലംഘനത്തിന് കീഴിലാണ് വരുന്നതെന്ന് അബുദാബി പോലിസ് അറിയിച്ചു. ഇതിന് 800 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ശിക്ഷയായി ലഭിക്കും. അതേസമയം, യുഎഇ ഫെഡറല്‍ നിയമം അനുസരിച്ച്, സിഗ്നലിലെ ചുവന്ന ലൈറ്റിലൂടെ വാഹനം ഓടിച്ചാല്‍ 1,000 ദിര്‍ഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ലഭിക്കും. എന്നു മാത്രമല്ല, 30 ദിവസത്തേക്ക് വാഹനം പോലിസ് കണ്ടുകെട്ടുകയും ചെയ്യും. കൂടാതെ, അബുദാബിയില്‍ വാഹനങ്ങള്‍ കണ്ടുകെട്ടുന്നത് സംബന്ധിച്ച 2020 ലെ നിയമം നമ്പര്‍ (5) പ്രകാരം, പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടുന്നതിനുള്ള സാമ്പത്തിക പിഴ 50,000 ദിര്‍ഹമാണ്. പിഴ അടയ്ക്കാന്‍ മൂന്ന് മാസമാണ് സാവകാശം ലഭിക്കുക. ഈ സമയത്തിനുള്ളില്‍ പണം അടച്ചില്ലെങ്കില്‍ വാഹനം പൊതു ലേലത്തില്‍ വില്‍ക്കാമെന്നാണ് നിയമം.