സ്വർണക്കടത്തുന്നവർക്കും, ഇടനിലക്കാർക്കും ഇനി രക്ഷയില്ല; കടുത്ത പിഴയും, തടവും ഉറപ്പ്

Share

മലപ്പുറം: സ്വർണക്കടത്തിൽ പൊലിസ് പിടിയിലായാൽ ഇനി രക്ഷയില്ല തടവ് ശിക്ഷ തന്നെ ലഭിക്കും. കടത്തുന്നവർ മാത്രമല്ല, ഇടനിലക്കാരെല്ലാം പ്രതിപ്പട്ടികയിൽ വരുമെന്നാണ് മുന്നറിയിപ്പ്. തടവ് ശിക്ഷയ്ക്കു പുറമെ യാത്രാരേഖകളും പിടിച്ചുവയ്ക്കുന്നതാണ്. നിയമവിരുദ്ധമായ ലഹരി ഉള്‍പ്പെടെയുള്ള സാധനങ്ങൾ കടത്തുന്നതിന് എടുക്കുന്ന വകുപ്പുകളാണ് ഇനി സ്വർണക്കടത്തിനും ചുമത്തുക.
രാജ്യത്ത് നടപ്പാക്കിയ പുതിയ നിയമമായ ഭാരതീയ ന്യായ് സംഹിത (ബി.എൻ.എസ്) യിലാണ് കടുത്ത വകുപ്പുകളുള്ളത്. കവര്‍ച്ച, ഭൂമി തട്ടിയെടുക്കൽ, കൊലപാതകം, മയക്കുമരുന്ന്, ആയുധങ്ങൾ, നിയമവിരുദ്ധമായ ചരക്കുകൾ കടത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയിലാണ് സ്വര്ണക്കടത്തും ഉപ്പെടുത്തിയിരിക്കുന്നത്. കുറഞ്ഞത് അഞ്ചുവര്‍ഷം തടവും 5 ലക്ഷം പിഴയുമാണ് പുതിയ നിയമപ്രകാരം സ്വർണക്കടത്തിന് ശിക്ഷ. പാസ്പോര്ട്ട് അടക്കം കണ്ടുകെട്ടുകയും ചെയ്യും.സ്വർണക്കടത്ത് നടത്തിയവർ ചോദ്യംചെയ്യലിൽ നല്കുന്ന മൊഴിപ്രകാരം സ്വര്‍ണം വിദേശത്ത് വച്ച്‌ നല്കിയ ആളെയും, സ്വീകരിക്കാൻ എത്തുന്നവരെയും പ്രതിപ്പട്ടികയിൽ ഉള്‍പ്പെടുത്തും. ഇവർ വിദേശത്താണെങ്കിൽ നാട്ടിലെത്തുമ്പോൾ വിമാനത്താവളത്തിൽ വച്ച്‌ പിടിക്കപ്പെടും. ഇവരുടെ വിവരങ്ങളും ഉൾപ്പെടുത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുക.
ഈ രീതിയിലുള്ള ആദ്യ കേസ് കരിപ്പൂരിൽ കഴിഞ്ഞദിവസം രജിസ്റ്റർ ചെയ്തു. കരിപ്പൂർ വിമാനത്താവളം വഴി 67 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് റഷീദിനെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളിൽനിന്ന് 67 ലക്ഷം രൂപയുടെ സ്വർണവും പിടിച്ചെടുത്തു.
ചൊവ്വാഴ്ച രാവിലെ ഏഴുമണിക്ക് ദുബായിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് റഷീദ് കരിപ്പൂരിലെത്തിയത്. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചനിലയിലാണ് സ്വർണം കണ്ടെടുത്തത്. നാല് കാപ്സ്യൂളുകളാക്കി 964 ഗ്രാം സ്വർണമാണ് പ്രതി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചിരുന്നത്. ഇയാൾക്കെതിരെ കേരളത്തിൽ ആദ്യമായി സ്വർണക്കടത്തിന് ഭാരതീയ ന്യായ് സംഹിത (ബി.എന്.എസ്) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കി ജാമ്യമില്ല രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഈ വകുപ്പു പ്രകാരം ജീവപര്യന്തം തടവും 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും സ്വർണക്കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താനായി ശ്രമം തുടരുകയാണെന്നും പോലീസ് പറഞ്ഞു.