ട്രാഫിക് പിഴയിൽ വൻതുക ബാധ്യതയുള്ളവര്‍ക്ക് ഇളവ് പ്രഖ്യാപിച്ച് സൗദിഅറേബ്യ

Share

റിയാദ്: വന്‍തുക ട്രാഫിക് പിഴ ബാധ്യതയുള്ളവര്‍ക്ക് വലിയ ആശ്വാസമേകുന്ന തീരുമാനവുമായി സൗദി. സൗദിയില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. 2024 ഏപ്രില്‍ 18ന് മുമ്പ് രേഖപ്പെടുത്തിയ പിഴകള്‍ക്കാണ് ഇളവ് നൽകിയിരിക്കുന്നത്. ചുമത്തപ്പെട്ട പിഴത്തുകയില്‍ പകുതി അടച്ചുതീര്‍ത്താല്‍ ബാധ്യതകള്‍ ഒഴിവാകുമെന്നും ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദേശപ്രകാരമാണ് ഇളവുകള്‍ നല്‍കുന്നത്.
ധനകാര്യ മന്ത്രാലയത്തിന്റെയും സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുടെയും ഏകോപനത്തോടെയുമായിരിക്കും പദ്ധതി നടപ്പാക്കുക. ഇത് ആക്റ്റീവ് ആയി ആറ് മാസങ്ങള്‍ക്കുള്ളില്‍ പിഴത്തുക ഒടുക്കുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക. ഓരോ പിഴകളും ഒന്നിച്ചോ, തവണകളായോ അടക്കാം. സമയപരിധിക്കുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കുകയും, മറ്റ് നിയമ നടപടികൾ സ്വീകരിക്കാനും മന്ത്രാലയം തീരുമാനിച്ചു. നിലവില്‍ ഈ ഇളവ് വന്നതിന് ശേഷം സംഭവിക്കുന്ന ലംഘനങ്ങള്‍ക്ക് ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 75 ബാധകമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ വ്യവസ്ഥ പ്രകാരം ഒറ്റത്തവണ ലംഘനത്തിന് 25% ഇളവ് നല്‍കുന്നതാണ്.