റെസിഡന്‍സി വിസ നടപടികള്‍ പൂർത്തിയാക്കാൻ ഒരു മാസം

Share

ദോഹ: ഖത്തറില്‍ റെസിഡന്‍സി വിസ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇനി ഒരു മാസം മാത്രം. പുതിയ തൊഴില്‍ വിസയിലെത്തുന്നവര്‍ 30 ദിവസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് പ്രവേശിച്ച ദിവസം മുതല്‍ 30 ദിവസം വരെയാണ് താമസരേഖ ശരിയാക്കുന്നതിനുള്ള സമയം. വീഴ്ച സംഭവിച്ചാല്‍ 10,000 ഖത്തര്‍ റിയാല്‍ (ഏകദേശം 2.28 ലക്ഷം രൂപ) വരെ പിഴ ഈടാക്കും. റെസിഡന്‍സി പെര്‍മിറ്റിന് ആവശ്യമായ മെഡിക്കല്‍ ഉള്‍പ്പെടെയുള്ള മറ്റു രേഖകളും വിസാ നടപടിക്രമങ്ങളും ഖത്തറില്‍ എത്തുന്നതിന് മുമ്പ് തന്നെ പൂര്‍ത്തീകരിക്കുന്നുണ്ട്. അതുകൊണ്ടാണ് നേരത്തേ റെസിഡന്‍സി വിസ പെര്‍മിറ്റ് ലഭിക്കാന്‍ ഉണ്ടായിരുന്ന മൂന്നു മാസ കാലയളവ് ചുരുക്കിയതെന്നാണ് റിപ്പോർട്ട്.