തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മ്മാണ ആവശ്യത്തിനായി ചൈനയില്‍ നിന്നും കപ്പലില്‍ കൊണ്ടുവന്ന ക്രെയിനുകള്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും ഇറക്കാന്‍ കഴിയാതെ അനിശ്ചിതത്വം തുടരുന്നു. ചൈനീസ് പൗരന്‍മാരായ കപ്പല്‍ ജീവനക്കാര്‍ക്ക് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാത്തതാണ് പ്രധാന തടസമായി തുടരുന്നത്. കപ്പലിലെ ക്യാപ്ടന്‍ ഉള്‍പ്പെടെ കപ്പലിലെ 30 ജീവനക്കാരും ചൈന പൗരന്‍മാരാണ്. ക്രെയിന്‍ തുറമുഖ പരിസരത്ത് ഇറക്കണമെങ്കില്‍ കപ്പല്‍ തൊഴിലാളികളുടെ സഹായം ആവശ്യമാണ്.
ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നും എമിഗ്രേഷന്‍ ക്ലിയറന്‍സ് ഈ സമയം വരെ ലഭിക്കാത്ത സാഹചര്യത്തില്‍ ഇവര്‍ക്ക് കപ്പലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്ന് അദാനി ഗ്രൂപ്പ് പ്രതിനിധികള്‍ പറഞ്ഞു. ക്രെയിന്‍ നിര്‍മ്മിച്ച കമ്പനിയുടെ ഇന്ത്യയിലെ ജീവനക്കാരും തുറമുഖത്തെത്തിയിട്ടുണ്ട്. മൂന്ന് ക്രെയിനുകള്‍ ഇറക്കാനുള്ള നടപടിക്രമങ്ങള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിരുന്നു.
എന്നാല്‍ പ്രദേശത്തെ പ്രതികൂലമായ കാലാവസ്ഥയും വലിയൊരു തടസം സൃഷ്ടിക്കുന്നുണ്ട്.
ചൈനയില്‍ നിന്നും ക്രയിനുമായി വിഴിഞ്ഞത്തെത്തിയ ഷെന്‍ഹുവ കപ്പലിന് ഈ മാസം 15-ന് ഗംഭീര സ്വീകരണമാണ് നല്‍കിയത്. വാട്ടര്‍ സല്യൂട്ടോടെയാണ് കപ്പല്‍ തുറമുഖത്ത് അടുത്തത്. മന്ത്രിമാരും പ്രതിപക്ഷ നേതാവും വിവിധ രാഷ്ട്രീയ, മത, സാമുദായിക നേതാക്കളും പങ്കെടുത്ത ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്താണ് കപ്പലിന് ഔദ്യോഗിക സ്വീകരണം നല്‍കിയത്. അതേസമയം, വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ എത്തിയപ്പോള്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്ക് കിട്ടിയത് 30 കോടിയുടെ വരുമാനമാണ്. വിഴിഞ്ഞത്ത് എത്തിച്ച ക്രെയിനുകളുടെ വിലയുടെ 18 ശതമാനം ജി.എസ്.ടി എന്ന നിലയ്ക്കാണ് ഇത്രയും വരുമാനം ലഭിച്ചത്.