മണിപ്പൂരിൽ അധ്യാപികയെ ചുട്ടുകൊന്നു. ജിരിബാം ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം സായുധസംഘം ഏറ്റുമുട്ടിയതിന് പിന്നാലെയാണ് യുവതി കൊല്ലപ്പെട്ടത്. യുവതി ബലാത്സംഗത്തിനിരയായെന്നും സൂചനയുണ്ട്. ഇതുവരെ സംഘർഷം കെട്ടടങ്ങാത്ത മണിപ്പൂരിൽ നിന്ന് ഒരിടവേളയ്ക്ക് ശേഷമാണ് മറ്റൊരു ആക്രമണത്തിന്റെ വാർത്ത പുറത്തുവരുന്നത്.
അതേസമയം, കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ അക്രമി സംഘം ആറു വീടുകൾക്ക് തീയിട്ടു. സംഘർഷത്തിൽ കുക്കി വനിത കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. മണിപ്പൂരിലെ ജിരിബാം ജില്ലയിലാണ് സായുധസംഘം ഏറ്റുമുട്ടിയത്.
ആറോളം വീടുകളാണ് ഇന്നലെ രാത്രിയിൽ നടന്ന ആക്രമണത്തിൽ കത്തി നശിച്ചതെന്നാണ് കുക്കി സംഘടന ആരോപിക്കുന്നത്. എന്നാൽ സംഭവത്തിൽ ഇതുവരെയും മണിപ്പൂർ പോലീസ് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. സംഭവത്തിൽ കേസെടുത്തതായി ഇതുവരെ വിവരങ്ങളൊന്നും ലഭ്യമായിട്ടുമില്ല. അതേസമയം, മണിപ്പൂരിൽ കഴിഞ്ഞ ഒന്നര വർഷമായി സംഘർഷ സാഹചര്യം അതേപടി തുടരുകയാണ്. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ഇവിടെ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. മെയ്‌തി-കുക്കി വിഭാഗങ്ങൾ തമ്മിലാണ് ഇവിടെ ഏറ്റുമുട്ടൽ നടക്കുന്നത്. ഇരുന്നൂറിൽ അധികം പേർക്കാണ് ഇതുവരെ സംഭവത്തിൽ ജീവൻ നഷ്‌ടമായത്. അൻപതിനായിരത്തിൽ അധികം പേർക്ക് സ്വന്തം പാർപ്പിടവും സംഘർഷത്തിൽ നഷ്‌ടമായി.