മേപ്പാടി ഗ്രാമപഞ്ചായത്തിൽ പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്ത സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ

Share

വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിൽ പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ.
മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.
പുഴുവരിച്ചതും കട്ടപിടിച്ചതുമായ അരി, മാവ്, റവ എന്നിവയാണ് ദുരന്തബാധിതർക്ക് ഭക്ഷ്യ കിറ്റിൽ ലഭിച്ചത്.
ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങൾ വിതരണം ചെയ്തതിൽ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. മേപ്പാടി ഗ്രാമപഞ്ചായത്തിനെതിരെ ഗുരുതര നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യമന്ത്രി ജി ആർ അനിലും വ്യക്തമാക്കിയിരുന്നു.അരി റവന്യൂ വകുപ്പ് നല്‍കിയതല്ലെന്നും ഇക്കാര്യത്തില്‍ വകുപ്പിന് വീഴ്ചപറ്റിയിട്ടില്ലെന്നും മന്ത്രി കെ രാജനും പറഞ്ഞിരുന്നു.