സ്‌കൂളുകളിലെ ലഹരി ഉപയോഗം; ജൂൺ ഒന്ന് മുതൽ പട്രോളിംഗ് നടത്തും

Share

തിരുവനന്തപുരം: സ്‌കൂളുകളിലെ ലഹരി ഉപയോഗം തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് എക്സൈസ് സർക്കുലർ. മേയ് 30 ന് മുൻപ് റേഞ്ച് ഇൻസ്‌പെക്ടർമാർ പരിധികളിലെ സ്കൂളുകൾ സന്ദർശിക്കണമെന്നും, ജൂൺ മാസം മുഴവൻ എല്ലാ ദിവസവും പട്രോളിംഗ് ഉണ്ടായിരിക്കുമെന്നും സർക്കുലറിൽ അറിയിച്ചു. സ്‌കൂളുകളിലും, പരിസരത്തും വ്യാപകമായ ലഹരി വില്പന നടക്കുന്നുണ്ടെന്ന് വിവരത്തെ തുടർന്നാണ് കർശന നടപടി.
വിദ്യാർഥികളിലെ ലഹരി ഉപയോഗം തടയാനും സ്കൂൾ പരിസരങ്ങളിൽ അനധികൃതമായി നടത്തുന്ന ലഹരി വില്പന തടയാനുമാണ് പട്രോളിംഗ്. ജൂൺ 1 മുതൽ മഫ്തി പട്രോളിങും ബൈക്ക് പെട്രോളിംഗും ആരംഭിക്കും. സ്‌കൂള്‍ പരിസരം പൂർണമായും നിരീക്ഷണത്തിലാക്കും. സ്കൂൾ പരിസരത്തെ ഇടവഴികള്‍, ഒഴിഞ്ഞ കെട്ടിടങ്ങള്‍, കുറ്റിക്കാടുകള്‍ അടക്കം നിരീക്ഷണത്തിലാക്കും. സ്‌കൂള്‍ കോമ്പൗണ്ടുകളും പരിശോധിക്കുന്നതായിരിക്കും. ശൂന്യമായ ശുചിമുറികളും ഒഴിഞ്ഞ കെട്ടിടങ്ങളും പരിശോധിക്കും. സ്‌കൂള്‍ പരിസരത്ത് എത്തുന്ന യുവാക്കളെയും നിരീക്ഷിക്കും. അനാവശ്യമായി എത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കും. സ്കൂൾ പരിസരത്ത് വാഹന പരിശോധന നടത്തണമെന്നും എക്സൈസ് കമ്മീഷണറുടെ സർക്കുലർ.