ഒന്നരമാസം പിന്നിട്ട് ഇസ്രായേല്‍-ഹമാസ് യുദ്ധം; ആശ്വാസമായി താല്‍ക്കാലിക വെടിനിര്‍ത്തല്‍

Share

ദുബായ്: ഇസ്രയേല്‍-ഹമാസ് യുദ്ധം ഒന്നരമാസം പിന്നിടുന്നു. ആയിരക്കണക്കിന് ജീവനുകളും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടവും ബാക്കിവച്ച യുദ്ധത്തിന് ആശ്വാസമായി ഗാസ മേഖലയില്‍ താത്കാലിക വെടിനിര്‍ത്തലിന് സമ്മതം അറിയിച്ചിരിക്കുകയാണ് ഇസ്രായേല്‍. അതും നാല് ദിവസത്തെ വെടിനിര്‍ത്തലിന് മാത്രമാണ് നെതന്യാഹു മന്ത്രിസഭ അനുമതി നല്‍കിയിരിക്കുന്നത്. ഖത്തറിന്റെ മദ്ധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയിലാണ് വെടിനിര്‍ത്തലിന് താല്‍ക്കാലികമായി ധാരണയിലെത്തിയത്.

നിലവിലെ കരാര്‍ പ്രകാരം യുദ്ധാരംഭത്തില്‍ ഇസ്രായേലില്‍ നിന്നും ‘ഹമാസ്’ പിടികൂടി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള 50 ബന്ദികളെ മോചിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്. പകരം കസ്റ്റഡിയിലുള്ള 150 ഫലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ മോചിപ്പിക്കുമെന്നും വിവരമുണ്ട്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി പ്രസ്താവന പുറത്തിറക്കി. അതേസമയം തുടരുന്ന യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു മുന്നറിയിപ്പ് നല്‍കി. രാത്രി മുഴുവന്‍ നീണ്ട മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ഇസ്രായേല്‍ മന്ത്രിമാര്‍ പരസ്പര ധാരണയിലെത്തി കരാറിന് അംഗീകാരം നല്‍കിയത്. കൈക്കൊള്ളുന്നത് ബുദ്ധിമുട്ടുള്ള തീരുമാനമാണെന്നും അതേസമയം ശരിയായ തീരുമാനമാണെന്നുമാണ് മന്ത്രിസഭാ യോഗത്തിനു ശേഷം നെതന്യാഹു മന്ത്രിമാരോട് പറഞ്ഞതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കരാര്‍ പ്രകാരം ഓരോ പത്ത് ബന്ദികളെ മോചിപ്പിക്കുമ്പോഴും വെടിനിര്‍ത്തല്‍ ഓരോ ദിവസം കൂടി നീട്ടാനാണ് തീരുമാനം. എല്ലാ ബന്ദികളെയും രാജ്യത്ത് തിരിച്ചെത്തിക്കുമെന്നും ഹമാസിനെ പൂര്‍ണമായി ഉന്മൂലനം ചെയ്യാനും ഗാസയില്‍ നിന്ന് ഇനി യാതൊരുവിധ ഭീഷണിയും ഉയരില്ലെന്ന് ഉറപ്പാക്കാനും ഇസ്രയേല്‍ സര്‍ക്കാരും സൈന്യവും പോരാട്ടം തുടരുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വെടിനിര്‍ത്തലിനെ ഹമാസും സ്വാഗതം ചെയ്തു.