വിവാഹ സല്‍ക്കാരത്തിലെ തീപിടിത്തം; മരണസംഖ്യ ഉയരുന്നു

Share

ബാഗ്ദാദ്: ഇറാഖില്‍ വിവാഹ സല്‍ക്കാരത്തിനിടെ ഓഡിറ്റോറിയത്തിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ ഉയരുന്നു. വധുവും വരനും ഉള്‍പ്പെടെ 114 പേര്‍ തീപ്പൊള്ളലേറ്റ് ഇതിനോടകം മരണപ്പെട്ടു എന്നാണ് ഇറാഖ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഗുരുതരമായി പരിക്കേറ്റ നൂറ്റിയമ്പതിലധികം പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വടക്കന്‍ ഇറാഖി പട്ടണമായ ഹംദാനിയയിലെ വിവാഹ ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസം രാത്രി പ്രാദേശിക സമയം 11 മണിയോടയാണ് വന്‍ സ്‌ഫോടനത്തോടെ തീപിടിത്തമുണ്ടായത്. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ നിന്ന് ഏകദേശം 335 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി വടക്കന്‍ നഗരമായ മൊസൂളിന് പുറത്താണ് വന്‍ ദുരന്തം സംഭവിച്ച പ്രദേശം. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെങ്കിലും വിവാഹ ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിക്കുന്നതിനിടയില്‍ തീ പടര്‍ന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. പ്രദേശവാസികള്‍ പറയുന്നതനുസരിച്ച് ഓഡിറ്റോറിയം നിര്‍മ്മിച്ചിരിക്കുന്ന വസ്തുക്കളിലേക്ക് തീ ആളിപ്പടര്‍ന്നതാണ് ദുരന്തത്തിന്റെ ആഘാതം വര്‍ധിക്കാന്‍ കാരണം. അതേസമയം ദുരന്തത്തെ കുറിച്ച് സമഗ്രമായ അന്വേഷണത്തിന്  ഉത്തരവിട്ടതായി പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനി അറിയിച്ചു.