ഇന്ത്യ-കാനഡ തര്‍ക്കം; പ്രതിനിധികള്‍ക്ക് ഭീഷണിയുണ്ടെന്ന് വിദേശകാര്യമന്ത്രാലയം

Share

ഡല്‍ഹി: കാനഡയിലെ ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി വിദേശകാര്യമന്ത്രാലയം രംഗത്ത്. വിസ നടപടികള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ കാരണം ഭീഷണി നിലനില്‍ക്കുന്നതാണെന്നും വിഷയം വിശദമായി പരിശോധിക്കുമെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഖലിസ്താന്‍ അനുകൂലിയുടെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിഡ് ട്രൂഡോ ഉന്നയിക്കുന്ന ആരോപണം മുന്‍വിധിയോടെയും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുമുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തെ കുറിച്ച് വ്യക്തമായ വിവരം കാനഡ പങ്കുവച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ ഇന്ത്യയുടെ നടപടിയെ തളളുകയാണ് കാനഡ. കാനഡ ഒരു സുരക്ഷിത രാജ്യമാണെന്ന് കനേഡിയന്‍ പൊതുസുരക്ഷാ മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് പറഞ്ഞു. അതേസമയം കാനഡ ഭീകരരെ സംരക്ഷിക്കുന്ന വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കുമെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. ഇതിനിടെ നയതന്ത്ര പ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സുരക്ഷയൊരുക്കണമെന്ന് കനേഡിയന്‍ ഹൈക്കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിലെ ഭീഷണിക്ക് പിന്നാലെയാണ് കനേഡിയന്‍ ഹൈക്കമ്മീഷന്റെ ആവശ്യം.

‘സംഘര്‍ഷങ്ങള്‍ ഉയര്‍ന്നിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ഞങ്ങളുടെ നയതന്ത്രപ്രതിനിധികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടി ഞങ്ങള്‍ സ്വീകരിക്കുകയാണ്. ചില നയതന്ത്ര പ്രതിനിധികള്‍ക്ക് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ വഴി ഭീഷണി നേരിടേണ്ടി വന്നു. മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥരുടെ വിന്യാസത്തില്‍ ചില താല്‍ക്കാലിക ക്രമീകരണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഞങ്ങളുടെ എല്ലാ പ്രവര്‍ത്തന കേന്ദ്രങ്ങളിലും നയതന്ത്രജ്ഞരെയും പ്രാദേശിക ഉദ്യോഗസ്ഥരെയും അവരുടെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയും ഉറപ്പാക്കും’; കനേഡിയന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ കനേഡിയന്‍ ഹൈക്കമ്മീഷനും എല്ലാ കോണ്‍സുലേറ്റുകളും തുറന്നു പ്രവര്‍ത്തിക്കുകയും സേവനങ്ങള്‍ നല്‍കുയും ചെയ്യുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.